റോം: ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്റും റോം രൂപതയുടെ മാർപാപ്പയുടെ വികാരിയുമായിരുന്ന കർദിനാൾ കമില്ലോ റൂയിനി (95) ദിവംഗതനായി.
സംസ്കാര ശുശ്രൂഷ ഇന്നു വൈകുന്നേരം 4.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും അടുത്ത സഹകാരിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഇറ്റലിയിലെ യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിൽ ഒരാളായി അറിയപ്പെട്ടിരുന്നു. സെൻട്രൽ ഇറ്റലിയിലെ സാസുതൊ സ്വദേശിയായ കമില്ലോ റൂയിനി 1954ൽ പൗരോഹിത്യം സ്വീകരിച്ചു.
1983ൽ റെജിയോ എമിലിയ രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹത്തെ 1991ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തി.
1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും ലാറ്ററൻ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ മെഡ്ജുഗോറിയയെ സംബന്ധിച്ച കമ്മീഷന്റെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
കത്തോലിക്കാമൂല്യങ്ങളുടെ പാരമ്പര്യം മറച്ചുവയ്ക്കാതെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നിരന്തരം ഉയർത്തിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നതായിരുന്നു.